Posts

Showing posts from 2018

പ്രളയം ഒരു ഓർമ്മക്കുറിപ്പ്

Image
ആമുഖമായി ഒന്ന് പറയട്ടെ. 2018-ലെ പ്രളയം ലക്ഷക്കണക്കിനു മലയാളികളുടെ ജീവിതം മാറ്റിമറിച്ച ഒന്നാണ്. 2018-ന്റെ ഓർമ്മകളിൽ ഏതൊരു മലയാളിയ്ക്കും മറക്കാൻ സാധിക്കാത്തത് കേരളം കണ്ട മഹാപ്രളയത്തിന്റെ ഓർമ്മകൾ തന്നെ ആവും എന്ന് കരുതുന്നു. ഒട്ടനവധി ആളുകൾക്ക് അവരുടെ ജീവിതത്തിന്റെ അന്നുവരെയുള്ള സകല സമ്പാദ്യവും നഷ്ടപ്പെടുത്തിയ ഒന്ന്. അത്തരം ദുരന്തങ്ങളുമായി യാതൊരു താരതമ്യവും ഞങ്ങളുടെ അനുഭവം അർഹിക്കുന്നില്ല. തുലോം തുഛമായ ബുദ്ധിമുട്ടുകൾ മാത്രമാണ് ഞാനും എന്റെ കുടുംബവും അനുഭവിച്ചത്. എന്നാലും അത് ഇവിടെ എഴുതിയിടുന്നു.  എന്റെ നാട് വൈപ്പിൻ ആണ്. എറണാകുളം ജില്ലയിൽ കൊച്ചിക്കായലിനും (വീരൻ പുഴ) അറബിക്കടലിനു ഇടയിൽ സ്ഥിതിചെയ്യുന്ന 26 കിലോമീറ്റർ നീളമുള്ള ഒരു ദ്വീപാണ് വൈപ്പിൻ. രണ്ട് അഴിമുഖങ്ങൾ ഉണ്ട് വൈപ്പിന്റെ പടിഞ്ഞാറും കിഴക്കും അറ്റങ്ങളിൽ കൊച്ചിയും അഴീക്കോടും. അതുകൂടാതെ വൈപ്പിൻകരയെ മുറിച്ചു കൊണ്ട് കടന്നുപോകുന്ന14 തോടുകളും. എല്ലാം പെരിയാറിന്റെ കൈവഴിയായ വീരൻപുഴയെ അറബിക്കടലിലേയ്ക്ക് എത്തിക്കുന്നു. നൂറ്റാണ്ടുകൾ മുൻപ് ഒണ്ടായ ഒരു പ്രളയത്തിൽ പെരിയാർ ദിശമാറി ഒഴുകിയതിന്റെ ഫലമായി ഉണ്ടായതാണ് കൊച്ചി അഴിമുഖവും വൈപ്പിൻ ദ്വീപും...