പ്രളയം ഒരു ഓർമ്മക്കുറിപ്പ്
ആമുഖമായി ഒന്ന് പറയട്ടെ. 2018-ലെ പ്രളയം ലക്ഷക്കണക്കിനു മലയാളികളുടെ ജീവിതം മാറ്റിമറിച്ച ഒന്നാണ്. 2018-ന്റെ ഓർമ്മകളിൽ ഏതൊരു മലയാളിയ്ക്കും മറക്കാൻ സാധിക്കാത്തത് കേരളം കണ്ട മഹാപ്രളയത്തിന്റെ ഓർമ്മകൾ തന്നെ ആവും എന്ന് കരുതുന്നു. ഒട്ടനവധി ആളുകൾക്ക് അവരുടെ ജീവിതത്തിന്റെ അന്നുവരെയുള്ള സകല സമ്പാദ്യവും നഷ്ടപ്പെടുത്തിയ ഒന്ന്. അത്തരം ദുരന്തങ്ങളുമായി യാതൊരു താരതമ്യവും ഞങ്ങളുടെ അനുഭവം അർഹിക്കുന്നില്ല. തുലോം തുഛമായ ബുദ്ധിമുട്ടുകൾ മാത്രമാണ് ഞാനും എന്റെ കുടുംബവും അനുഭവിച്ചത്. എന്നാലും അത് ഇവിടെ എഴുതിയിടുന്നു.
എന്റെ നാട് വൈപ്പിൻ ആണ്. എറണാകുളം ജില്ലയിൽ കൊച്ചിക്കായലിനും (വീരൻ പുഴ) അറബിക്കടലിനു ഇടയിൽ സ്ഥിതിചെയ്യുന്ന 26 കിലോമീറ്റർ നീളമുള്ള ഒരു ദ്വീപാണ് വൈപ്പിൻ. രണ്ട് അഴിമുഖങ്ങൾ ഉണ്ട് വൈപ്പിന്റെ പടിഞ്ഞാറും കിഴക്കും അറ്റങ്ങളിൽ കൊച്ചിയും അഴീക്കോടും. അതുകൂടാതെ വൈപ്പിൻകരയെ മുറിച്ചു കൊണ്ട് കടന്നുപോകുന്ന14 തോടുകളും. എല്ലാം പെരിയാറിന്റെ കൈവഴിയായ വീരൻപുഴയെ അറബിക്കടലിലേയ്ക്ക് എത്തിക്കുന്നു. നൂറ്റാണ്ടുകൾ മുൻപ് ഒണ്ടായ ഒരു പ്രളയത്തിൽ പെരിയാർ ദിശമാറി ഒഴുകിയതിന്റെ ഫലമായി ഉണ്ടായതാണ് കൊച്ചി അഴിമുഖവും വൈപ്പിൻ ദ്വീപും എന്നാണ് ചരിത്രം.പെരിയാറിലെ മറ്റൊരു പ്രളയം ഈ ദ്വീപിനെ വീണ്ടും ഇല്ലാതാക്കുമോ എന്നുപോലും ഒരു ഭീതി ഉണ്ടായി ഈ 2018-ലെ പ്രളയവാർത്തകൾ കേട്ടപ്പോൾ. അങ്ങനെഉണ്ടാവില്ലെന്നും വൈപ്പിനിൽ മറ്റു സ്ഥലങ്ങളിലെപോലെ വെള്ളപ്പൊക്കം ഉണ്ടാകില്ലെന്നുമായിരുന്നു 2018 ആഗസ്ത് 16 വരെയുള്ള വിശ്വാസം. ആഗസ്ത് 16 ആയപ്പോഴേയ്ക്കും ഞങ്ങളൂടെ സമീപ പ്രദേശങ്ങളായ പറവൂരിൽ ചേന്ദമംഗലവും, പല്ലംതുരുത്തും. മൂത്തകുന്നവും ഒക്കെ പ്രളയത്തിൽ അകപ്പെട്ടിരുന്നു. പറവൂർത്തോട് എന്ന പെരിയാറിന്റെ ഒരു ശാഖ അതിന്റെ പൂർണ്ണരൗദ്രഭാവത്തിൽ അതിന്റെ കരകളിൽ വലിയനാശങ്ങൾ വിതച്ചു ഒഴികുകയായിരുന്നു. 16ആം തീയതിയോടെ തന്നെ വൈപ്പിനിൽ നിന്നും പറവൂർക്ക് പോകുന്ന ചെറായി പാടത്തിലൂടെ പോകുന്ന റോഡും മാല്ല്യങ്കരയിൽ നിന്നും കൊടുങ്ങല്ലൂർക്ക് പോകുന്ന റോഡും എല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു. അങ്ങനെ വൈപ്പിനിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള ഏകമാർഗ്ഗം ഗോശ്രീപാലങ്ങൾ വഴി എറണാകുളത്തേയ്ക്ക് മാത്രമായിരുന്നു.
2018 ആഗസ്ത് 17 (1194 ചിങ്ങം 1) മലയാളത്തിന്റെ പുതുവർഷ ദിനം. പക്ഷെ കേരളത്തിന്റെ വലിയൊരു ഭാഗം പ്രളയത്തിന്റെ കെടുതികൾ അനുഭവിക്കുന്നു. ഞങ്ങൾക്ക് അപ്പോഴും പ്രളയം വലിയ പ്രയാസങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. കാലടി മാണിക്യമംഗലത്ത് ചേട്ടനും ബന്ധുക്കളും ഉണ്ട്. അവിടെ പ്രളയം വലിയ നാശങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സമയം. ചേട്ടനെയും ബന്ധുക്കളേയും കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൊബൈലിൽ പോലും വിളിക്കാൻ പറ്റിയിരുന്നില്ല. ഒടുവിൽ സംസാരിച്ചപ്പോൾ അറിഞ്ഞത് അവർ താമസിക്കുന്ന രണ്ടുനിലവീടിന്റെ ഒന്നാമത്തെ നിലയുടെ പകുതിവരെ വെള്ളം കയറിയിരുന്നു എന്നാണ്. അതിനാൽ തന്നെ കാലടിയിലും മാണിക്യമംഗലത്തും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന വിവിധവ്യക്തികൾക്കും സംഘടനകൾക്കും ചേട്ടന്റെ വീണ്ടിന്റെ ജിയോലൊക്കേഷൻ കോർഡിനേറ്റ്സ് അയച്ചുകൊടുത്ത് അവരുടെ മറുപടിയ്ക്കായി കാത്തിരിക്കുകയായിരുന്നു ഞങ്ങളും. വീട്ടിൽ നിന്നും അഞ്ഞൂറ് മീറ്റർ മാറി പാടമാണ്. കിഴക്കുനിന്നും വരുന്ന പ്രളയജലം സംബന്ധിക്കുന്ന വിവരം അറിയാൻ പാടത്ത് പോയി നോക്കിയാൽ ഏകദേശം ധാരണകിട്ടും. അങ്ങനെ ഞങ്ങൾ ഉച്ചയോടെ അവിടെ പോയിനോക്കാൻ ഇറങ്ങി. അവിടെ എത്തുമ്പോൾ ഞങ്ങളുടെ പഴയ വാർഡ് മെംബർ കോരത് ചേട്ടൻ ഉൾപ്പടെ കുറച്ചാളുകൾ വെള്ളം ഉയരുന്നതും മറ്റും ചർച്ച ചെയ്തുകൊണ്ട് നിൽകുന്നുണ്ടായിരുന്നു. കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് അവരും പറഞ്ഞു.
ചെറുവൈപ്പിലേയ്ക്ക് പോകുന്ന റോഡ് 16/08/2018നു വൈകീട്ട് |
ആ പുല്ലുകൾക്കിടയിൽ കാണുന്നത് കിഴക്കോട്ട് പോകുന്ന റോഡാണ്. 16നു വൈകീട്ടു തന്നെ അത് ഏതാണ്ട് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. കിഴക്കു നിന്നും ചില ആളുകളൊക്കെ വീടുകൾ പൂട്ടി കൈയ്യിക് എടുക്കാൻ സാധിക്കുന്ന സാധനങ്ങളും ആയി അഭയകേന്ദ്രങ്ങൾ തേടിയുള്ള യാത്രകൾ ആരംഭിച്ചിരുന്നു. ഞങ്ങൾ തിരികെ വീട്ടിലേയ്ക്ക് പോന്നു, ഊണു കഴിച്ച് പ്രളയം സംബന്ധിക്കുന്ന വാർത്തകളും കണ്ട് ഹാളിൽ ഇരിക്കുന്ന അവസരത്തിൽ ജനലിലൂടെ വെറുത് പുറത്തേയ്ക്ക് നോക്കിയ ഞാൻ ശരിക്കും ഞെട്ടി. തീരെ മഴ ഇല്ലാത്ത തെളിഞ്ഞ അന്തരീകഷമായിരുന്നിട്ടും വീടിനു മുന്നിലെ ഇടവഴിയിലൂടെ വെള്ളം ഒഴുകുന്നു. ആ വെള്ളം ഗേറ്റിന്റെ സ്ലോപ്പിനു മുകളിലൂടെ പതുക്കെ വീടിന്റെ മുറ്റത്തേയ്ക്ക് ഒഴുകിയെത്തുന്നു. പുറത്തിറങ്ങി മതിലിനപ്പുറത്തുള്ള താഴന്ന പറമ്പിലേയ്ക്ക് നോക്കിയപ്പോൾ അവിടമെല്ലാം വെള്ളം നിറഞ്ഞു കഴിഞ്ഞിരുന്നു. പിന്നെ ഞങ്ങളും കെട്ടപ്പറുക്കൽ ആരംഭിച്ചു. സർട്ടിഫിക്കറ്റുകൾ, വിലപിടിച്ച രേഖകൾ എല്ലാം ബാഗുകളിൽ ആക്കി. അലമാരിയുടേയും വീടിന്റെ അകത്തുള്ള തട്ടിന്റെ മുകളിലും വച്ചു. ഗ്യാസ് ഓഫ് ചെയ്തു. ഫ്രിഡ്ജും മറ്റും ഊരിയിട്ടു. കമ്പ്യൂട്ടറിന്റെ മോണിറ്റരും കീ ബോർഡും എല്ലാം ഡിസ്കണക്റ്റ് ചെയ്ത് മേശപ്പുറത്ത് എടുത്തുവച്ചു, അത്യാവശ്യമുള്ള വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവ ഒന്നുരണ്ടു ബാഗിൽ ആക്കി കാറിൽ എടുത്തുവച്ചു. വീടിന്റെ പിൻവശത്തെ വാതിൽ അട്യ്ക്കാനായി വർക്ക് ഏരിയയിൽ എത്തിയപ്പോൾ ആണ് അടുത്ത് ഞെട്ടൽ ഉണ്ടായത്. വാഷിങ്ങ്മെഷീനും കാലിയായ ഗ്യാസ് സിലിണ്ടറും സൂക്ഷിക്കുന്ന മുറി വീട്ടിലെ മറ്റു മുറികളേക്കാൾ അല്പം താണതാണ്. അവിടെ വെള്ളം കയറിക്കഴിഞ്ഞിരുന്നു. ഏതാണ് അരയടിയോളം വെള്ളം. വാഷിങ്ങ് മെഷീനും ഗ്യാസ് സിലിണ്ടറും അടുക്കളയിൽ എടുത്തുവച്ച് വർക്ക് ഏരിയയുടെ വാതിലും അടച്ചു. എന്ത് സംഭവിക്കും എന്ന് ഒരു നിശ്ചയവും ഇല്ല. വീടിന്റെ മുൻവശത്തെ വാതിൽ പൂട്ടി. അമ്മയും ഞാനും ഭാര്യയും ഒൻപതുവയസ്സുകാരൻ മകനും സങ്കടത്തോടെ വീടുവിട്ടിറങ്ങി. നേരെ തൊട്ടടുത്തുള്ള തറവാട്ട് വീട്ടിലേയ്ക്ക്, വല്ല്യമ്മയുടെ വീട്ടിലേയ്ക്ക്. അവിടെ ചെന്ന് ആലോചിച്ച് ബാക്കി തീരുമാനിക്കാം. വൈപ്പിൻ പള്ളിപ്പുറം സംസ്ഥാനപാതയിൽ പള്ളത്താംകുളങ്ങരെ ക്ഷേത്രമൈതാനം ഉണ്ട്. മൂന്നടിയോളം ഉയരമുണ് ഞങ്ങളുടെ വീടിരിക്കുന്ന പറമ്പിനേക്കാൾ ഈ ക്ഷേത്രമൈതാനത്തിനു. കാറ് അവിടെ കൊണ്ടിടാം. അമ്പലത്തിന്റെ ഓഫീസിനോട് ചേർന്ന് രണ്ട് ചെറിയ ഹാളുകൾ ഉണ്ട്. അതിൽ തൽക്കാലം നിൽക്കാം ഇതായിരുന്നു ഉദ്ദേശം. അങ്ങനെ ആലോചനയിൽ ഇരിക്കുമ്പോൾ അയ്യമ്പിള്ളിയിൽ നിന്നും രമചേച്ചി വിളിച്ചു. രമച്ചേച്ചിയുടേയും രഘുച്ചേട്ടന്റേയും വീട് രണ്ടുനിലയാണ്. പ്രധാനറോഡിൽ നിന്നും അധികം അകലവും ഇല്ല. അവിടെ തങ്ങാം എന്നായിരുന്നു രമച്ചേച്ചിയുടെ ക്ഷണം. അങ്ങനെ ചേച്ചിയുടെ ക്ഷണം സ്വീകരിച്ച് ഞങ്ങൾ രണ്ട് വീട്ടുകാർ അങ്ങോട്ട് പോകാൻ തീരുമാനിച്ചു. സ്ത്രീകളേയും കുട്ടികളേയും ചേച്ചിയുടെ വീട്ടിലാക്കി ഞങ്ങൾ (ഞാനും രണ്ട് ചേട്ടന്മാരും) തിരികെ വീട്ടിലോ നേരത്തെ പറഞ്ഞ അമ്പലത്തോടു ചേർന്നുള്ള ഓഫീസിലോ തങ്ങാൻ തീരുമാനിച്ചു. അമ്മയേയും വല്ല്യമ്മയേയും ചേച്ചിയേയും കുട്ടികളേയും കാറിൽ രമചേച്ചിയുടെ വീട്ടിലാക്കുന്ന കാര്യം ഭാര്യ ഏറ്റെടുത്തു. അപ്പോഴേയ്ക്കും രാത്രി ഏഴുമണി കഴിഞ്ഞിരുന്നു. ജലനിരപ്പ് മുൻപത്തേതിനേക്കാളും ഉയർന്നിരുന്നു. ഞാനും ചേട്ടന്മാരും പള്ളത്താംകുളങ്ങരെ ക്ഷേത്രത്തിനു സമീപമുള്ള ഞങ്ങളുടെ ചേരുവാരം ഓഫീസിൽ തങ്ങാൻ തീരുമാനിച്ചു. പിന്നീട് ജലനിരപ്പിൽ കാര്യമായ മാറ്റം ഇല്ലാതിരുന്നതിനാൽ രാത്രി ഏതാണ്ട് ഒൻപതുമണിയോടെ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. രാത്രിയിൽ കഴിക്കാനുള്ള ചോറും മറ്റും വീട്ടിൽ ഉണ്ടായിരുന്നു. അതുകഴിച്ച് വീണ്ടും ഇതേ ഓഫീസിലേയ്ക്ക് എത്താം. തിരികെ വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ ഏതാണ്ട് രണ്ടടിയോളം വെള്ളം ഉണ്ട്. ഇടയ്ക്ക് മഴയും പെയ്തിരുന്നു. വീടിമുൻ വശത്തെ രണ്ട് പടികൾ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. ഞങ്ങൾ വീട് തുറന്ന് ഭക്ഷണം കഴിച്ച് തിരികെ ചേരുവാരം ഓഫീസിലേയ്ക്ക് പോന്നു. രാത്രി ഇടയ്ക്കെല്ലാം വെള്ളം പൊങ്ങുന്നുണ്ടോ എന്ന് നോക്കി. കാര്യമായ വർദ്ധനവ് പിന്നീട് ഉണ്ടായില്ല.
18നു രാവിലെ വീട്ടിൽ എത്തിയപ്പോൾ |
മുൻവശത്തെ രണ്ടുപടികൾ അപ്പോഴും വെള്ളത്തിനടിയിൽ തന്നെ |
18നു രാവിലെ തിരികെ വീട്ടിലേയ്ക്ക്. രാത്രിയിലേതിൽ നിന്നും കാര്യമായ വ്യത്യാസം വെള്ളത്തിന്റെ അളവിൽ ഉണ്ടായിരുന്നില്ല. വീടും പരിസരവും വീട്ടിലേയ്ക്കുള്ള ഇടവഴിയും ഒക്കെ വെള്ളത്തിൽ ആയിരുന്നു. ചേച്ചിയേയും ദീപ്തിയേയും വിച്ചുക്കുട്ടനേയും തറവാട്ടിൽ കൊണ്ടുവന്നു. ഞാനും ചേട്ടന്മാരും തറവാട്ടിൽ എത്തി. അന്ന് ഉച്ചയോടെ വെള്ളം ഇറങ്ങാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് വൈകുന്നേരത്തോടെ അമ്മയേയും വല്ല്യമ്മയേയും രമചേച്ചിയുടെ വീട്ടിൽ നിന്നും തറവാട്ടിൽ എത്തിച്ചു. വെള്ളം മുഴുവനായും ഇറങ്ങിയില്ലെ എങ്കിലും ഇനി ഉയരില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു.
19നു ഇടവഴിയിൽ നിന്നും വെള്ളം ഏതാണ്ട് മുഴുവനായും ഇറങ്ങിയ ശേഷം എടുത്ത ചിത്രം |
വിച്ചുക്കുട്ടൻ തിരികെ വീട്ടിലേയ്ക്ക് |
19നു രാവിലെ ആയപ്പോഴേയ്ക്കും വെള്ളമേതാണ്ട് മുഴുവനായും ഇറങ്ങി എന്നു പറയാം. ഇടവഴിയും വീടിന്റെമുറ്റവും എല്ലാം ചെളിപിടിച്ചിരുന്നു. വീടിന്റെ പുറത്തെ ടോയ്ലറ്റ് ആകെ വൃത്തികേടായിട്ടുണ്ടായിരുന്നു. പുറകുവശത്ത് കുടിവെള്ളം സംഭരിക്കുന്നതിനായി 1000 ലിറ്ററിന്റെ ഒരു പിവിസി ടാങ്ക് ഉണ്ടായിരുന്നു. രണ്ടു ദിവസമായി വാട്ടർ അതോറിറ്റി വെള്ളം ഇല്ലാതിരുന്നതിനാൽ ഈ ടാങ്ക് ഏതാണ്ട് കാലിയായിരുന്നു. മുറ്റത്തും പറമ്പിലും ഒക്കെ വെള്ളം പൊങ്ങിയപ്പോൾ ഈ ടാങ്കും പൊങ്ങിപ്പോയി അതിൽ ഘടിപ്പിച്ചിരുന്ന പൈപ്പുകൾ ഒടിയുകയും ചെയ്തു. വീടിന്റെ പുറകുവശത്ത് ഈ വെള്ളത്തിൽ ഒഴുകി വന്ന കാലിക്കുപ്പികളും പലതരം വേസ്റ്റുകളും എല്ലാ അടിഞ്ഞു കൂടിയിരുന്നു. 19, 20 തീയതികൾ വീടും പരിസരവും വൃത്തിയാക്കുന്നതിന്റെ തിരക്കിലായിരുന്നു. വീട്ടിൽ തറനിരപ്പിൽ നിന്നും തഴെയുള്ള രണ്ട് മുറികൾ ഉണ്ട്. അത് രണ്ടിലും വെള്ളം കയറിയിരുന്നു. ആ മുറികളും വൃത്തിയാക്കി. വീട്ടുപകരണങ്ങൾ ഒന്നിനും നാശനഷ്ടങ്ങൾ ഉണ്ടായില്ല. ഇതിനിടയിൽ മാണിക്യമംഗലത്ത് നിന്നും ചേട്ടനും ബന്ധുക്കളും സുരക്ഷിതരാണെന്നുള്ള വിവരവും അറിയാൻ കഴിഞ്ഞു.
പ്രളയജലത്തിൽ വീടിന്റെ പുറകുവശം |
ബ്ലീച്ചിങ്ങ് പൗഡറും മറ്റും റസിഡന്റ്സ് അസോസിയേഷൻ ലഭ്യമാക്കി. വൈദ്യുതിവിതരണം മുടങ്ങിയതിനാൽ പറവൂരിൽ നിന്നുള്ള ശുദ്ധജല പമ്പിങ്ങ് ഇല്ലായിരുന്നു. അതുകൊണ്ട് ടാങ്കർ ലോറിയിൽ കുടിവെള്ളവും റസിഡന്റ്സ് അസോസിയേഷൻ എത്തിച്ചു. പിന്നേയും ജോലികൾ ബാക്കിയായിരുന്നു. കുളവും കിണറും വൃത്തിയാക്കണം. രണ്ടു ദിവസം കൂടി കഴിഞ്ഞാണ് കുടിവെള്ളവിതരണം വാട്ടർ അതോറിറ്റി പുനഃസ്ഥാപിച്ചത്. ഞങ്ങൾക്ക് വെള്ളം എത്തുന്നത് ആലുവ ചൊവ്വരയിലെ വാട്ടർ ട്ർരിറ്റ്മെന്റ് പ്ലാന്റിൽ നിന്നാണ്. പരിയാറിൽ അടിഞ്ഞുകൂടിയ അഴുക്കും മഹാപ്രളയവും പ്ലാന്റിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. അതെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ ശരിയാക്കി. പ്ലാന്റ് പ്രവർത്തനം പുനഃരാരംഭിച്ചിരുന്നു. വൈദ്യുതവിതരണം കാര്യമായി തടസപ്പെട്ടിരുന്നില്ല. അങ്ങനെ ഒരു പ്രളയത്തിന്റെ ഭയപ്പാടിൽ നിന്നും ജീവിതം തിരികെ സാധാരണനിലയിലേയ്ക്ക് മടങ്ങാൻ തുടങ്ങി.
പറവൂരും ആലുവയിലും മാല്ല്യങ്കരിയിലും ചേന്ദമംഗലത്തും എടയാറും ഏലൂരും അങ്ങനെ ഞങ്ങളുടെ സമീപപ്രദേശങ്ങളിലെല്ലാം കനത്ത നാശനഷ്ടങ്ങളാണ് പ്രളയം വരുത്തിയത്. അതുമായി താരമ്യം ചെയ്താൽ ഞങ്ങൾക്ക് ഉണ്ടായത് ബുദ്ധിമുട്ടുകൾ ആണെന്നു പോലും പറയാൻ സാധിക്കില്ല. പ്രളയം കഴിഞ്ഞ നാലുമാസം പിന്നിടുന്ന ഈ അവസരത്തിലും അവരിൽ പലർക്കും ജീവിതം എന്ന് സാധരണനിലയിൽ ആകും എന്ന് പറയാൻ സാധിക്കാത്ത അവസ്ഥയിൽ ആണ്. ഇപ്പോഴും സ്വന്തം വീടുകളിലേയ്ക്ക് മടങ്ങാനാവാതെ കഴിയുന്നവർ ഞങ്ങളൂടെ സമീപപ്രദേശങ്ങളിൽ തന്നെ ഉണ്ട്. പ്രളയത്തിനിടയിൽ നടന്ന രക്ഷാപ്രവർത്തനങ്ങളെ പറ്റിയോ ദുരിതാശ്വാസക്യാമ്പുകളിലെ പ്രവർത്തനങ്ങളെ കുറിച്ചോ ഒന്നും പറയുന്നില്ല. കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തകാലത്ത് ഞങ്ങൾ എങ്ങനെ ആയിരുന്നു എന്നത് ഓർക്കാൻ വേണ്ടി ഇത് ഇവിടെ കുറിച്ചിടുന്നു.
2018 ആഗസ്ത് 18നു രാവിലെ ചേരുവാരം ഓഫീസിൽ നിന്നും വീട്ടിലെ ഇടവഴിയിലൂടെയുള്ള നടത്തത്തിന്റെ വീഡിയോകൂടി ചേർത്തുകൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു.
പ്രളയം വീണ്ടും വായിച്ചപ്പോൾ മനസ്സ് പിടയുന്നു.ഇന്ന് രാവിലെ കോഴിക്കോട് ടൌണിലെ കനോളി കനാലിലേക്ക് നോക്കി ഞാൻ മനസ്സിൽ പറഞ്ഞു.പ്രളയത്തിലൂടെ പ്രകൃതി വൃത്തിയാക്കിയ കനാൽ മനുഷ്യൻ വീണ്ടും വേസ്റ്റാക്കി.അത്രക്കും മാലിന്യങ്ങൾ വീന്റൂം അതിൽ എത്തി.ഒരു സംഭവവും മനുഷ്യനെ ഒരല്പകാലത്തേക്കെങ്കിലും പിന്തിരിപ്പിക്കില്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ.
ReplyDeleteശരിയാണ് സാർ. പ്രളയത്തെക്കുറിച്ച് ഓർക്കുമ്പോഴെ മനസ്സു പിടയും. പ്രളയകാലത്ത് മനുഷ്യൻ പല തീരുമാനങ്ങളും എടുത്തിരുന്നു. ഇപ്പോൾ അതെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. പ്രളയത്തിൽ പുഴകൾ തിരികെയെടുത്തതെല്ലാം വീണ്ടും വെട്ടിപ്പിടിക്കാനുള്ള തിരക്കിൽ ആണ് പലരും.
Deleteസാറിന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയതിനു വളരെ നന്ദി. ഈ ബ്ലോഗിലെ ആദ്യത്തെ കന്റാണ് സാറിന്റേത് :)
2018-ലെ പ്രളയം ലക്ഷക്കണക്കിനു മലയാളികളുടെ ജീവിതം മാറ്റിമറിച്ച ഒന്നാണ്. 2018-ന്റെ ഓർമ്മകളിൽ ഏതൊരു മലയാളിയ്ക്കും മറക്കാൻ സാധിക്കാത്തത് കേരളം കണ്ട മഹാപ്രളയത്തിന്റെ ഓർമ്മകൾ തന്നെ ആവും എന്ന് കരുതുന്നു.
ReplyDeleteമുൻപ് 99 ലെ പ്രളയം എന്ന് പഴമക്കാർ പറഞ്ഞിരുന്നു. ഇനിയുള്ള കുറച്ചു തലമുറകൾ ഒരു പക്ഷെ 18-ലെ പ്രളയം എന്നാവും പറയുക. പ്രളയദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാട്ടെ. അതിനായി പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ നമുക്ക് സാധിക്കട്ടെ. നമ്മുടെ വികസനസങ്കല്പങ്ങൾ പ്രകൃതി സൗഹൃദം ആകട്ടെ. വളരെ നന്ദി മുരളിച്ചേട്ടാ.
Delete