ഇന്റെർനെറ്റ് സൗഹൃദങ്ങൾ - മനോരാജ്
ഇന്റെർനെറ്റിന്റെ ലോകത്തേയ്ക്ക് കടക്കുന്നത് കമ്പ്യൂട്ടറുമായി ഒരു പരിചയവും ഇല്ലാതിരുന്ന (ആകെ പരിചയം എച് ഐ എച്ച് എസിലെ സ്ക്കൂൾ പഠനകാലത്ത് കമ്പ്യൂട്ടർ ഒന്നോ രണ്ടൊ തവണ ഉപയോഗിച്ചു എന്നതു മാത്രം) 1998 കാലഘട്ടത്തിൽ പറവൂരിലെ പെന്റാപ്ലാസയിൽ സുഹൃത്ത് ഷഫീക്കിനുണ്ടായിരുന്ന ഇന്റെർനെറ്റ് കഫേയിൽ ഷെഫീക്കിന്റെ ശിക്ഷണത്തിൽ യാഹൂവിലും ഹോട്ട്മെയിലിലും ഓരോ ഇമെയിൽ ഐഡി രജിസ്റ്റർ ചെയ്തുകൊണ്ടാണ്. പിന്നീട് 2005-ൽ ആണെന്നു തോന്നുന്നു വീട്ടിൽ കമ്പ്യൂട്ടർ വാങ്ങുന്നതും ഡയൽ അപ് കണക്ഷൻ എടുക്കുന്നതും. പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ ഇന്റെർനെറ്റും യഹൂവും എനിക്ക് ധാരാളം പുതിയ സുഹൃത്തുക്കളെ നൽകിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇന്നും നേരിൽ കണ്ടിട്ടില്ലാത്തവർ ഉൾപ്പെടുന്ന ഒരു വലിയ സുഹൃദ്‌വലയം. അങ്ങനെ പരിചയപ്പെട്ട, സൗഹൃദം സ്ഥാപിച്ച പലരേയും സുഹൃത്ത് എന്ന് പറയുമ്പോൾ ഇപ്പോഴും അല്പം സങ്കോചമുണ്ടാകാറുണ്ട്. അവരിൽ പലർക്കും ഉള്ള സാമൂഹ്യബോധം, സർഗ്ഗശേഷി, കലാഭിരുചികൾ എന്നിങ്ങനെ പല ഗുണങ്ങൾ എടുത്താൽ അതിന്റെയൊന്നും ഒരു അരികത്തുപോലും നിൽക്കാൻ എനിക്കാവില്ല. അതുകൊണ്ടുതന്നെ ആ സുഹൃദവലയങ്ങളിൽ ഞാൻ എങ്ങനെ എത്തിപ്പെട്ടു എന്നത് ഇപ്പോഴും എനിക...