വൈപ്പിനിലെ കുടിവെള്ള സമരങ്ങൾ
എറണാകുളം ജില്ലയിൽ കൊച്ചിക്കായലിനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന വൈപ്പിൻ എന്ന് ദ്വീപിലെ നിവാസിയാണ് ഞാൻ എന്നത് ഇവിടെ മിക്കവർക്കും അറിയാവുന്ന വസ്തുതയാണെന്ന് കരുതുന്നു.ഞങ്ങളുടെ ദ്വീപായ വൈപ്പിൻ പ്രധാനമായും രണ്ട് കാര്യങ്ങളിൽ ആണ് കേരളത്തിൽ (കു)പ്രസിദ്ധി നേടിയിട്ടുള്ളത്. ഒന്നാമത്തേത് 1982-ലെ ഓണനാളിൽ സർക്കാർ ചാരയ ഷാപ്പുകളിൽ നിന്നും അബ്കാരി കരാറുകാർ തന്നെ വിതരണം ചെയ്ത വ്യാജചാരായം കഴിച്ച് 77 പേർ മരിക്കുകയും ഒട്ടേറെ ആളുകൾക്ക് കാഴ്ചനഷ്ടപ്പെടുകയും ചെയ്ത വൈപ്പിൻ മദ്യദുരന്തം. മറ്റൊന്ന് കുടിവെള്ളത്തിനു വേണ്ടി പതിറ്റാണ്ടുകൾ സമരം ചെയ്ത വീട്ടമ്മമാരുടെ സമരവീര്യം. കുടിവെള്ളത്തിനായുള്ള വൈപ്പിൻ ജനതയുടെ രോദനം ഇപ്പോളും പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. മുൻപത്തേതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലും വേനൽ കടുക്കുന്നതോടെ വൈപ്പിനിൽ വെള്ളം വീണ്ടും കിട്ടാക്കനി ആകുന്നു. എന്റെ കുട്ടിക്കാലത്ത് ഞങ്ങൾ ആറുമാസക്കാലം ഞാറയ്ക്കൽ എന്ന സ്ഥലത്ത് ഒരു വാടകവീട്ടിൽ ആയിരുന്നു താമസം. അന്ന് വെള്ളത്തിനുള്ള ആശ്രയം ഒരു ചാമ്പുപൈപ്പ് ആയിരുന്നു. അതിൽ നിന്നും കിട്ടുന്ന വെള്ളത്തിന് ഒരു ദുർഗന്ധം ഉണ്ട്. അതുക...